Friday, 29 July 2011

രാത്രിമഴ







പെയ്തു നിറഞ്ഞിടുക...
ഒരു രാത്രിമഴ പോലെ ..
നിലയ്കാതെ നീ പെയ്ത നാളുകള്‍
എന്റെ ഹൃദയത്തിനു മീതെ തുള്ളികളായി --
നീ ഒഴുകിയിറങ്ങി ...
എന്റെ നിറുകില്‍ ഹിമകണം പോലെ അലിഞ്ഞിറങ്ങി ..
നേര്‍ത്ത ശബ്ദത്തില്‍ നീ എന്റെ കാതോരം പെയ്തപോള്‍ -
ആദ്യാനുരാഗത്തിന്റെ നിര്‍വ്രുതിയിലാഴ്ന്നുപോയ്‌ ഞാന്‍ ..
നിന്റെ ശബ്ദം നേര്‍ത്ത മഴത്തുള്ളിയുടെ സ്വകാര്യം 
നിന്റെ നിശ്വാസം പെയ്തൊഴിയാന്‍ മടിക്കുന്ന -
മഴമേഘം ..
നീ പെയ്യുമ്പോള്‍ കുളിരുന്നതീ ആത്മവിന്നുല്ലം ..
നീ പെയ്യുമ്പോള്‍ നിറയുന്നതീ ഹൃദയം ..
പെയ്യുക നീ ഇനിയും എന്റെ ഹൃദയത്തിനു ചുറ്റും ..
ഒരു രാത്രിമഴ പോലെ ...
പെയ്തു നിറഞ്ഞിടുക...

Thursday, 28 July 2011

ഇഞ്ചിയും ചമ്മന്തിയും..



ചമ്മന്തിയുടെ സ്വപ്നങ്ങള്‍
പടികയറി വന്ന്
മുറി വേല്‍പ്പിച്ചാലോയെന്ന്
കരുതിയാണ് ഇഞ്ചി
മണിയറയുടെ വാതില്‍
തുറന്നിടാതിരുന്നത്

ഇഞ്ചിഞ്ചായി അരഞ്ഞു
തേഞ്ഞു തന്‍റെതുമാത്രമായി
മാറുന്ന ഇഞ്ചിയെയാണ്
ചമ്മന്തിയെന്നും
സ്വപ്നം കാണാറുള്ളത്

പിണങ്ങിനില്‍ക്കുന്ന ഇഞ്ചിയെ
തേങ്ങപൂള് കാണിച്ചു
കൊതിപ്പിച്ചാണ് ചമന്തി
പലപ്പോഴും വശപ്പെടുത്താറുള്ളത്

അനുസരണയില്ലാതെ
ഓടിപ്പോകാന്‍ തുനിയുന്ന
ഇഞ്ചിയുടെ
കണ്ണില്‍ മുളകുതേച്ചാണ്
ചമ്മന്തി കീഴ്പ്പെടുത്താറുള്ളത്

ചവര്‍പ്പും പുളിപ്പും എരിവും
നിറഞ്ഞ ജീവിത യാഥാത്യങ്ങളില്‍
സ്വപ്നം അടിയറവുവെച്ച
ഇഞ്ചിയുടെ അടിപ്പവാടയുടെ
നാടയില്‍ തൂങ്ങിയാണ്
ചമ്മന്തിയെന്നും മന്ത്രിമന്തിരങ്ങള്‍
നടന്നു കയറാറുള്ളത്..

സ്വാര്‍ഥത...



അകതാരില്‍ എവിടെയോ
നീറുന്ന സ്നേഹത്തിന്റെ
അതിലോല ഭാവം
ആടിത്തിമിര്‍ക്കും
വേഷങ്ങളില്‍
പെയ്തു തീരാത്ത
ഹൃദയത്തിന്റെ ഭാഷ
ഇപ്പോള്‍,
നിസ്വാര്‍ഥനാകാതിരിക്കാന്‍
ശ്രമിക്കയാണു ഞാന്‍
ഒരു മാത്രയെങ്കിലും അതിന്റെ
നോവെന്നെ തിന്നുമ്പോള്‍
ഞാന്‍ ആശ്വസിക്കയാണ്
സ്വാര്‍ഥത എന്നിലില്ലല്ലോ..
സ്വാര്‍ഥത വെടിഞ്ഞാലേ മനുഷ്യനാകൂ

Sunday, 24 July 2011

പ്രണയ വിചാരങ്ങള്‍



പ്രണയത്തിന് മുടി കരിഞ്ഞ മണം.
ചിതയില്‍ ആറിയ ചാരത്തിനും
അതേ മണം.
കടന്നു പോയവന്‍ അറിഞ്ഞില്ല
കളഞ്ഞു പോയ മണം.
ചിറകടിച്ച കഴുകനും
തീ വച്ച തോട്ടിയും
അന്നം കൊത്തിയ അഗ്നിയും
അതറിഞ്ഞില്ല.
എന്റെ ചോരയില്‍ തഴച്ച പ്രണയം
ചാരം മൂടി കിടക്കുന്നത്
ഇന്നെന്റെ സങ്കടങ്ങളിലൊന്നു മാത്രം.
നീ വരുമ്പോള്‍ മണ്ണില്‍ വിറക്കാതെ കിളക്കുക,
മൂടിപ്പോയ എന്റെ നിശ്വാസങ്ങള്‍ കോര്‍ത്ത്‌
എന്റെ ജന്മം മടക്കി തരിക...

Saturday, 23 July 2011

എന്‍റെ ഉത്സവക്കാഴ്ചകള്‍......

ഉരുകിയൊലിക്കുന്ന വേനലിലും ഉത്സാഹം ചോരാത്ത ഉത്സവക്കാഴ്ചകള്‍........
ചമയങ്ങളണിഞ്ഞ്, ചെവികളാട്ടി, കൊമ്പും കുമ്പയും കുലുക്കി, തലയെടുപ്പോടെ
നില്‍ക്കുന്ന ഗജ കേസരികള്‍.......
താള-മേള-വാദ്യക്കാരൊരുക്കുന്ന നാദഗോപുര പെരുക്കങ്ങള്‍.....
ദേശ പ്രൌഢിക്കു പെരുമയേറ്റാന്‍ വൈദ്യുത ദീപങ്ങളാല്‍ അലങ്കരിച്ച ബഹുനില പന്തലുകള്‍........
ആകാശസീമയില്‍ വര്‍ണ്ണ-ശബ്ദ മുഖരിതമായ കരിമരുന്ന് പ്രയോഗങ്ങള്‍.......
ഇവയെല്ലാം ആസ്വദിക്കുന്ന കൌതുക കണ്ണുകള്‍......ആന-പൂര ഭ്രാന്തന്മാര്‍.........
മേള-വാദ്യ ആസ്വാദകര്‍......കച്ചവടക്കാര്‍......ആന പാപ്പാന്മാര്‍,വാദ്യക്കാര്‍,
ഉത്സവ നടത്തിപ്പുക്കാര്‍,ആന-പൂര പ്രേമികള്‍ എന്നിങ്ങനെ പരിചിതരായ മുഖങ്ങള്‍.....
വാഴയില ചീന്തില്‍ പ്രസാദവുമായി നടന്നു നീങ്ങുന്ന ഭക്തര്‍......
പട്ടുപാവാടയും, ധാവണിയും അണിഞ്ഞെത്തുന്ന വെള്ളുവനാടന്‍ പെണ്‍കൂട്ടികള്‍.......
അവരെ കാണാനെത്തുന്ന പൂവാലന്മാര്‍.....വ്യാജനടിച്ച് ഇഴയുന്ന മനുഷ്യ പാമ്പുകള്‍.......
അങ്ങനെ എന്തെല്ലാം എന്തെല്ലാം കാഴ്ചകളാണ്

സ്വര്‍ഗ്ഗ രാജ്യം ഇവര്‍ക്കുള്ളതത്രേ..

ചാനലിലെ പരസ്യ വാചകം..
വിശ്വാസം അതല്ലേ എല്ലാം ..
അതെ, ഇപ്പോള്‍ വിശ്വാസമത്രേ എല്ലാം
വിശ്വാസികള്‍ക്ക് മാത്രമേ വോട്ട് ഉള്ളത്രെ
ദൈവത്തിന്‍റെ സ്വന്തം നാട് അടുത്ത് തന്നെ
വിശ്വാസികളുടെ സ്വന്തം നാട് ആയി മാറുമെന്നാണ്
അറിയാന്‍ കഴിഞ്ഞത് ..

രണ്ടാം വിമോചന സമരം നടത്തി അവിശ്വാസികളെ
ആട്ടിപായിക്കുകയാണ് വേണ്ടതെന്നുഒരു കൂട്ടര്‍

എന്നാല്‍ അതല്ല ഗര്‍ഭിണികളുടെ ഉദരം തുരന്ന്
ഗര്‍ഭസ്ഥ ശിശുവിനെ ശൂലത്തില്‍ കോര്‍ക്കുകയാണ്
വേണ്ടതെന്നു വേറൊരു കൂട്ടര്‍

എന്നാല്‍ ഇതൊന്നുമല്ല, കൈ - കാലുകളില്ലാത്ത
അദ്ധ്യാപകരെ സൃഷ്ടിക്കുകയാണ് പോം വഴിയെന്നു
മറ്റു ചിലരും ...

സ്വര്‍ഗ്ഗ രാജ്യം ഇവര്‍ക്കുള്ളതത്രേ.

വൃദ്ധ പ്രണയം...




വിദൂരങ്ങളില്‍
മിഴിനട്ടിരിക്കാനൊരു
ജനാല പണിയിക്കണം
...
പ്രണയ സന്ധ്യയുടെ
ചായം കൊണ്ട്
ഹൃദയം ചുവപ്പിക്കണം

ഋതു പച്ചകളില്‍
ആത്മാവ് കോര്‍ത്തു
മുറിവുണക്കണം

ഒടുവില്‍ ,...
മഴക്കുളിരില്‍
മുഖമൊളിപ്പിച്ച് ,..
മടങ്ങി വരാത്തൊരു
വസന്തത്തെ
കിനാവുകണ്ടൊരിക്കലു-
മുണരാതെയുറങ്ങണം......

ചുമ്മാ പ്രണയങ്ങള്‍


കാമത്തില്‍ നിന്നും അകലാനായിരുന്നു
മരുഭൂമിയില്‍ നടന്നത്.
ഞാനും അവളും ഉറപ്പിച്ച ഉടമ്പടി...
കാറ്റും വെയിലും മത്സരിച്ചു
എന്നെ തിന്നു തീര്‍ക്കുമെന്നും...
മടങ്ങി എത്തുമ്പോള്‍
അവള്‍ എനിക്കായി ഉണ്ടാകുമെന്നും...
ഉടലുകള്‍ കൂനി
നടപ്പിനു വേഗം കുറയുകയും...
കണ്ടവര്‍ തിരിച്ചറിയാതെ...
ഒട്ടകങ്ങള്‍ എനിക്ക് മുന്നില്‍ നമസ്കരിച്ചും...
ചിലപ്പോള്‍ രണ്ടടി,
ചിലപ്പോള്‍ ആറടി,
ചിലപ്പോള്‍ എന്നെക്കാള്‍ വളര്‍ന്നും നിഴല്‍ ...
നിന്ന നില്‍പ്പിലും ഞാന്‍ പറന്നു,
ശീതീകരണ മുറിയില്‍
ഞാനുപേക്ഷിച്ച ഉടലില്‍
ഉടല്‍ വച്ചുയരുന്നത്...
വാതിലില്‍ മുട്ടിയ എനിക്ക്
നാലണ നല്‍കി മടക്കി അയച്ചവള്‍ ,
ഒരിക്കല്‍ എന്നെ കിനാവ്‌ കണ്ടവള്‍ .

Thursday, 14 July 2011

നീയറിഞ്ഞോ?


നിന്റെ കിനാവുകളില്‍
ഞാന്‍ നിറഞ്ഞിരുന്നുവോ?
അറിഞ്ഞില്ല ഞാന്‍...
എന്റെ വാക്കുകള്‍
നിന്നെ വേദനിപ്പിച്ചിരുന്നുവോ?
അറിഞ്ഞില്ല ഞാന്‍..
.
എന്റെ ദിനങ്ങളിലെന്നും നീ
അലിഞ്ഞില്ലാതായിരുന്നു...
എങ്കിലും...

ഇന്നെന്റെ ഓര്‍മ്മകളില്‍
നീ മാത്രം നിറയുന്നുവെന്നും
നീയറിഞ്ഞോ?

എന്റെ നിനവുകളിലൊരുനാളും
നീ തെളിഞ്ഞിരുന്നില്ല...
എങ്കിലും...
ഇന്നെന്റെ ചിന്തകളില്‍, സ്വപ്നങ്ങളില്‍ ഇനിയെന്നും
നീ മാത്രം നിറയുമെന്നതും
നീയറിഞ്ഞോ??

വിട വാങ്ങല്‍ ..



ഓരോ യാത്രയും വിട വാങ്ങല്‍ ആണ്...
ഒന്നില്‍ നിന്നും മറ്റൊന്നിലേക്കുള്ള പ്രായാണം..
അതാണു യാത്ര..
ഈ യാത്ര എന്നില് തുടങ്ങി എന്നില് തന്നെ അവസാനിക്കുന്നു...
നിന്നില് നിന്നും എന്നിലേക്ക് തന്നെയുള്ള മടക്കയാത്ര...
ഈ വഴി എനിക്ക്‌ അപരീചിതമാണ്‌..

എങ്കിലും..

ഒരു നേര്‍ത്ത നെടുവീര്‍പ്പോടെ.....
ചിരിക്കാനാവുന്ന ഒരു നല്ല നാളെയിലേക്ക് ......
കണ്ണും നട്ട് ഈ വഴിയില്‍ ഇനിയെത്ര ദൂരം.......
ഒരു സഞ്ചാരിയായ് ഞാന്‍ നടന്നകലണം...

നഷ്ട വസന്തം

ഓര്‍മ്മകളുടെ പെരുമഴയില്‍
മനസ്സ് കുത്തിയൊലിച്ചു പോയപ്പോള്‍......
തേങ്ങും ഹൃദയത്തിന്‍ നൊമ്പരം പകരാന്‍
മിഴികള്‍ക്ക് പോലുമായില്ല.......


മാഞ്ഞു പോയ മഞ്ഞുതുള്ളി പോല്‍
നീ എന്നില്‍ നിന്നും മറഞ്ഞു പോയപ്പോള്‍.....
കൈവിട്ടു പോയ പിഞ്ച്ചു കുഞ്ഞിനെ പോല്‍
പകച്ചു നിന്ന് പോയ് ഞാന്‍... !!!

നിശാഗന്ധികള്‍ സൌരഭ്യം പരത്തും അന്ത്യ യാമങ്ങളില്‍ .....
പാല്‍ നിലാശോഭയായി ഞാന്‍ നിന്നെയും തേടി നടന്നു..
മിഴിനീരു പോലും വരണ്ടു പോകും വിരഹത്തിന്‍ തേങ്ങലില്‍....
ജീവന്‍റെ ജീവനാം നിന്നെയും സ്വപ്നം കണ്ട് ഞാന്‍ കാത്തിരിന്നു..

നീ പകര്‍ന്ന നിന്‍ നിര്‍മ്മല ഹൃദയത്തിന്‍ സ്നേഹം നുണഞ്ഞ്
നീ പകര്‍ത്തിയ നിന്‍ ആത്മാവിന്‍ പദവിന്യാസങ്ങളിലൂടെ....
മിഴികള്‍ കൂമ്പി ഞാന്‍..............
സ്മ്രിതിയിലെക്കൂളിയിട്ടിറങ്ങി.....

യാത്രക്കൊടുവില്‍....................
വിരഹത്തിന്‍ നൊമ്പരം മൌനത്തില്‍ ചാലിച്ച്...
യാത്രാമൊഴി ചൊല്ലാന്‍ ഒരുങ്ങിയ എനിക്ക് നേരെ
നിന്‍റെ അദൃശ്യ കരങ്ങള്‍ നീണ്ടു വന്നപ്പോള്‍......
ഞെട്ടിയത് ഞാനായിരുന്നു !!!.........

ജീവന്‍റെ ത്രസിപ്പ് മാത്രം അവശേഷിക്കേ...........
മരവിച്ച മനസ്സുമായി.......
ശൂന്യതയിലേക്ക് മുഖം മറയ്ക്കാന്‍ ശ്രമിച്ച ...
എനിക്ക് വീണ്ടും...........
നഷ്ട വസന്തത്തിന്‍ സുഗന്ധം പകരാനാകുമോ...??

Tuesday, 12 July 2011

ഓര്‍മ്മകള്‍...



ഓര്‍മ്മകള്‍,
ഒരു കൊഴിഞ്ഞ ഇലയില്‍ നിന്നു
പിറക്കുന്നു.

നനഞ്ഞ കണ്‍പീലിയുടെ
ഏകാന്തതയില്‍ നിന്നും,
വിരല്‍തുമ്പില്‍ പിടയുന്ന-
സ്പര്‍ശത്തില്‍ നിന്നും,
വാക്കിലുറയുന്ന-
മൗനത്തില്‍ നിന്നും,
ഓര്‍മ്മകള്‍..
..ഉടഞ്ഞ കണ്ണാടിക്കാഴ്ച പോലെ... 

ഓര്‍മിക്കുവാന്‍ ഒന്നുമില്ലാത്തതായ് ആരുമില്ല....

ഓരോ ചിന്തയും ഓരോ ഓര്‍മ്മയാണ്‌.....
ഗ്രഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മ....

ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം....
എന്നാത്മാവിന്‍ നഷ്‌ടസുഗന്ധം...